If you have font problems click here to read the file
ഒരു രാജ്യം മുഴുവന്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ രാത്രി പകല്‍ ഭേദമില്ലാതെ അണി ചേരുമ്പോഴും മലയാളിയുടെ ട്രെന്റിംഗ് ചര്‍ച്ച വിഷയങ്ങള്‍ ഇവയാണ് ... 'റൌഫ് വി എസിനെ കണ്ടോ ? കുഞ്ഞാലി കുട്ടി നിസാറിനെ കണ്ടോ ? റിമ കല്ലിങ്ങല്‍ പുരുഷന്മാരെ പറ്റി പറഞ്ഞത് ശരിയോ തെറ്റോ ? ടാങ്കില്‍ വീണു മരിച്ച കന്യസ്ത്രീയെ ആരെങ്കിലും കൊന്നതാണോ ?'......
എന്തിനും ഏതിനും പ്രതികരിക്കുന്ന പ്രബുദ്ധ കേരളത്തിലെ ബുദ്ധി ജീവികള്‍ മഴയും കണ്ട് കട്ടന്‍ കാപ്പിയും കുടിച്ചു സുഖ ചികിത്സയിലാണ്..മോഹന്‍ലാല്‍ അച്ചാര്‍ കമ്പനി തുടങ്ങിയതിനെ വരെ വിമര്‍ശിക്കാന്‍ നടന്ന അഴീക്കോട് പോലും (!!!) ഒരു അക്ഷരം മിണ്ടിയിട്ടില്ല !! പേര് പറയാന്‍ തുടങ്ങിയാല്‍ തീരില്ല... അതിനും മാത്രം ബുജി സിംഹങ്ങള്‍ മേഞ്ഞു നടക്കുന്ന മടയാണ്, എന്നിട്ടും. പണ്ട് ഒരു പുസ്തകത്തില്‍ 'മതമില്ലാത്ത ജീവന്‍' എന്ന ഒരു പാഠം അടിച്ചു എന്ന് പറഞ്ഞും എന്തൊരു പുകിലായിരുന്നു. സ്കൂള്‍ അടച്ചിടുന്നു, കൊച്ചു പിള്ളേരെ വരെ കൊടി പിടിപ്പിച്ചു ജാഥ നടത്തുന്നു, എന്റമ്മോ, ഈ നാടിനെ രക്ഷിക്കാന്‍ എന്തൊരു സ്നേഹം !!! അതിനും മുന്‍പ് കൊച്ചിയില്‍ ഏതോ ഒരു ദ്വീപില്‍ ഒരു സ്വകാര്യ ചടങ്ങില്‍ 'മഴ നൃത്തം' നടത്തി എന്നും പറഞ്ഞു ഉണ്ടായ ഒച്ചപ്പാടും ബഹളവും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുളിര് കോരുന്നു.. എന്തായിരുന്നു ഇവിടുത്തെ ജന സമൂഹത്തിന്റെ ഒരു ആവേശം!! ഇവന്റെ ഒക്കെ ആവേശം കണ്ടപ്പോള്‍ നൃത്തം നടന്നത് എം. ജി റോഡിന്റെ നടുക്കണോ എന്ന് വരെ തോന്നിപ്പോയി !!
തൊട്ടപ്പുറത്ത് കിടക്കുന്ന മംഗലാപുരത്ത് ഇരുപത്തയ്യായിരം കോളേജ് കുട്ടികളാണ് ഒരൊറ്റ ദിവസം കൊണ്ട് നിരത്തില്‍ ഇറങ്ങിയത് . ഇവിടെ കോളേജ് കിണറ്റില്‍ എലി ചത്ത് കിടക്കുന്നതിനു വരെ പടിപ്പു മുടക്കുന്ന കുട്ടി നേതാക്കളോ സംഘടനകളോ ഒന്നും അറിഞ്ഞ മട്ടില്ല.. കേരളത്തിന്റെ പുതു തലമുറയും വളരെ ബിസിയല്ലേ ? എന്തെല്ലാം സാമൂഹ്യ പ്രസക്തമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാനുള്ളത് - ഇന്ന് ആരെ കളിയാക്കണം എന്ന് ചിന്തിച്ചാണ് മലയാളി കണ്ണ് തുറക്കുന്നത് തന്നെ . ഓരോ ദിവസവും ഓരോ ഇര. കുറെ കാലം സിലിസില , പിന്നെ ശ്രീശാന്ത് , പിന്നെ പണ്ഡിറ്റ് , ഇപ്പൊ രാജപ്പനും ! അന്ന ഹസാരെ തത്കാലം കോമഡി വീഡിയോ ഒന്നും ഇറക്കാത്തത് കൊണ്ട് മൂപ്പര്‍ക്ക് 'ഷെയറിംഗ് വാല്യു' കുറവാണ്..
കേരളത്തിലെ പൊതു സമൂഹത്തിനാകട്ടെ അതിനെക്കാള്‍ പ്രസക്തമായ ഒരു പാട് കാര്യങ്ങളുണ്ട് തല പുകന്ഞ്ഞു ആലോചിക്കാന്‍... 'ചുരിധാറിന്റെ സ്ലിട്ടിന്റെ നീളം എത്ര വേണം? സിനിമാടിക് ഡാന്‍സ് നിരോധിചില്ലെങ്കില്‍ കേരളത്തിന്റെ സംസ്കാരം തകരില്ലേ ? മന്ത്രിയുടെ കാറില്‍ ഉണ്ടായിരുന്ന അപരിചിതയായ സ്ത്രീ ആരാണ് ? ഈ മാസത്തെ ബ്രാന്‍ഡ് ന്യൂ പീഡനം ഏതാണ് ? ......എന്ന് തുടങ്ങി അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടി കോളേജ് വിട്ടു വരാന്‍ വയ്കുന്നതെന്തു കൊണ്ട് എന്ന് വരെ , ഇത്രയും സാമൂഹ്യവും സാംസ്കാരികവും ആയ 'ജാഗ്രത ' പുലര്‍ത്തുന്ന ഒരു സമൂഹത്തെ കണ്ട് കിട്ടാന്‍ വളരെ പ്രയാസമാണ്...
അന്ന ഹസ്സരെയോടു എനിക്ക് പറയാനുള്ളത് ഇതാണ് - താങ്കള്‍ക്ക് കേരള സമൂഹത്തിന്റെ പിന്തുണ വേണമെങ്ങില്‍ ആദ്യം രഞ്ജിനി ഹരിദാസിനെ പ്രോഗ്രാം അവതരിപ്പിക്കാന്‍ വിളിപ്പിക്കുക.. പിന്നെ ശ്രീശാന്തിനെ കൊണ്ട് ഒരു പ്രസ്താവന ഇറക്കുക ... പ്രിത്വിരാജും ഭാര്യയും കൂടെ വന്നു ഒരു ഫോട്ടോ എടുത്തു ഫെയ്സ് ബുക്കില്‍ അപ്‌ലോഡ് ചെയ്യുക ..മൊത്തം പ്രോഗ്രാം ഒരു ആല്‍ബം ആയി പണ്ഡിറ്റ് വന്നു ഷൂട്ട് ചെയ്തു യു ട്യൂബില്‍ കേറ്റുകയും കൂടി ചെയ്‌താല്‍ ചക്കപഴത്തില്‍ ഈച്ച പോലെ മലയാളി വന്നു പൊതിയും... ഗ്യരന്ടീ !!
പ്രബുദ്ധ കേരളം ! സമ്മതിക്കണം പ്രഭോ, സമ്മതിക്കണം !!!
നോട്ട് : ഓരോ സമൂഹത്തിന്റെയും നിലവാരം അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസിലാക്കാം. മനുഷ്യര്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഉത്തമം , സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് മധ്യമം, മറ്റു വ്യക്തികളെ പറ്റി ചര്‍ച്ച ചെയ്യുന്നത് അധമം എന്നാണ്. സംസ്കാര കേരളം ഇതില്‍ ഇതു ഗണത്തില്‍ പെടുന്നു എന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണ് .. ( ഒരു ക്ലൂ തരാം - വി. എസ്, കുഞ്ഞാലിക്കുട്ടി, പിണറായി, ശ്രീശാന്ത് , രഞ്ജിനി, പണ്ഡിറ്റ് , രാജപ്പന്‍, ........)
- മലയാളികള്‍ അല്ലാത്തവര്‍ വായിക്കേണ്ട എന്ന് കരുതിയാണ് മലയാളത്തില്‍ എഴുതിയത്, പല്ലിട കുത്തി നാറ്റിക്കണ്ടല്ലോ.. :)
Added on 23 August 2011
കമന്റുകള്‍ തന്ന എല്ലാവര്ക്കും നന്ദി.. ചിലരെങ്കിലും തെറ്റിദ്ധരിച്ചത് പോലെ ഈ പോസ്റ്റ് ഹസ്സരെയേ പിന്തുണക്കാണോ എതിര്‍ക്കാനോ വേണ്ടിയല്ല. തികച്ചും വ്യക്തി കേന്ദ്രീകൃതമായ വിമര്‍ശനങ്ങളിലും ആക്ഷേപങ്ങളിലും മാത്രമായി നമ്മുടെ സംവാദങ്ങള്‍ ഒതുങ്ങിപ്പോകുന്നതിനെ പറ്റിയാണ് ഈ പോസ്റ്റ്.. അതിനു ഹസാരെ ഒരു നിമിത്തമായി എന്ന് മാത്രം.. നാളെ ഹസ്സരെക്ക് പകരം മറ്റാരെങ്കിലും വന്നാലും മേല്‍പ്പറഞ്ഞ വ്യക്തി കേന്ദ്രീകൃത ചര്‍ച്ചകളില്‍ തന്നെ ആയിരിക്കും നമ്മുടെ ശ്രദ്ധ... ( ഒരു കാര്യം കൂടെ, ഹസാരെ എന്നെ വ്യക്തിയെ ഞാന്‍ പിന്തുണക്കുന്നില്ല ... ഈ ബ്ലോഗില്‍ തന്നെയുള്ള മറ്റൊരു പോസ്റ്റില്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് ...സമയം കിട്ടിയാല്‍ വായിക്കുമല്ലോ.. )
എല്ലാവര്ക്കും നന്ദി, ഒരിക്കല്‍ കൂടെ.
http://violet-notes.blogspot.com/2011/08/why-i-dont-believe-in-annas-path-yet-i.html