Sunday, May 13, 2012

സംശയാസ്പദമായ സാഹചര്യങ്ങള്‍!മറയ്ന്‍ ഡ്രൈവില്‍ ഒരു പുരുഷനും സ്ത്രീയും ആലിംഗനം ചെയ്യുന്നത് അശ്ലീലമാണെന്നു കരുതുന്ന ഒരു സമൂഹം , വഴിയരികില്‍ മുണ്ട് പൊക്കി മൂത്രമൊഴിക്കുന്നതില്‍ പ്രശ്നമൊന്നും കാണാത്തത് കൌതുകമായി തോന്നുന്നു.. എന്തു കൊണ്ടാണ് സ്ത്രീ പുരുഷ ബന്ധങ്ങള്‍ രതിയുടെ കണ്ണിലൂടെ മാത്രം കാണാന്‍ നാം ശീലിച്ചത്? പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.. കുടിവെള്ളത്തിനു വേണ്ടി ഒരു ദ്വീപ്‌ നിവാസികള്‍ ഇപ്പോഴും ദിവസവും കാത്തു നില്‍ക്കേണ്ടി വരുന്നതും , ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ എന്ടോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നതും, കോടികള്‍ ചിലവഴിച്ച ഇറിഗേഷന്‍ പദ്ധതി എങ്ങുമെത്താതെ പാഴായി പോകുന്നതും എന്നുവേണ്ട , സാമൂഹ്യമായ അനീതികളൊന്നും തന്നെ തന്നെ ബാധിക്കുന്ന പ്രശ്നമായി കാണാത്ത ഒരു മലയാളിക്ക് അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടിയുടെ സ്വകാര്യമായ ഫോണ്‍ വിളികള്‍ ഒരു സാമൂഹ്യവിപത്തിന്റെ ലക്ഷണമാണ്... പ്രണയവും രതിയുമാണ് നമ്മുടെ ലിസ്റ്റിലെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങള്‍.. പണ്ടു  ഒരു ഫ്രന്റ്‌ പേജ് വാര്‍ത്ത വായിച്ചതോര്‍ക്കുന്നു - ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ കാമുകന്‍ ഉപേക്ഷിച്ചു എന്നായിരുന്നു ഫ്രന്റ്‌ പേജ് വാര്‍ത്ത, വെണ്ടക്കാ അക്ഷരത്തില്‍. ഓക്കാനം വന്നത് വാര്‍ത്ത കണ്ടിട്ടല്ല , ഏതോ ഒരു പെണ്ണ് ആരോടെയോ ഒപ്പം പോയത് മലയാളികള്‍ എല്ലാം വായിക്കേണ്ട ഫ്രന്റ്‌ പേജ് വാര്‍ത്തയാണ് എന്ന് കരുതിയ പത്രധര്‍മ്മം ഓര്‍ത്തിട്ടാണ് ...

 ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി ഒരു ഫാക്ടറി ഉണ്ടാക്കിയാല്‍ അതിന്റെ ഡയറക്ടര്‍ മുതല്‍ സ്വീപ്പര്‍ വരെ നമ്മളായിരിക്കും ... കേരള സദാചാര ബോര്‍ഡ്‌ പബ്ലിക്‌ ലിമിറ്റഡ്. എല്ലാത്തിനും പറയുന്ന ഒരു കാരണമുണ്ട് - നമുടെ സംസ്കാരത്തിന്റെ വിശുദ്ധി , പവിത്രത പിന്നെ അങ്ങനെ കേള്‍ക്കാന്‍ സുഖമുള്ള കുറെ കാര്യങ്ങള്‍ .. പക്ഷെ സത്യം അതല്ല എന്ന് വേട്ടക്കാരനും അറിയാം ഇരക്കും അറിയാം. വഴിയരികില്‍ സംസാരിച്ചു നിന്ന യുവതിയെയും യുവാവിനെയും തടഞ്ഞു വെച്ച് ചോദ്യം ചെയ്തതും, 'സംശയാസ്പദമായ സാഹചര്യത്തില്‍ ' കണ്ട ആണ്‍ പെണ്‍ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുന്നതും (എന്താണ് സംശയം? ആര്‍ക്കാണ് സംശയം ? ഇനി അങ്ങനെയാണെങ്കില്‍ തന്നെ അവരുടെ സ്വകാര്യതയില്‍ പോലീസിനും നാട്ടുകാര്‍ക്കും എന്തു കാര്യം എന്ന ചോദ്യങ്ങളെല്ലാം അപ്രസക്തമാകുന്നു ) , ഒരാള്‍ അപകടത്തില്‍ പെട്ട് കിടന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞെത്തുന്ന പോലീസ് ഒരു ഹോട്ടല്‍ മുറി റെയ്ഡ് ചെയ്യാന്‍ പാഞ്ഞെതുന്നതും ഒന്നും സംസ്കാരം സംരക്ഷിക്കാനുള്ള ത്വര കൊണ്ടൊന്നുമല്ല - 'എനിക്ക് കിട്ടാത്തത് നിനക്കും കിട്ടേണ്ട' എന്ന ലളിതമായ കണ്ണുകടി മാത്രമാണ് ..

 എല്ലാവരും ഇത്തരക്കാരാണ് എന്നല്ല. ഒരു പക്ഷെ മുന്‍പെങ്ങുമില്ലാത്ത വിധം ബോള്‍ഡ് ആയ ഒരു തലമുറ കേരളത്തില്‍ വളര്‍ന്നു വരുന്നുണ്ട്- സ്വകാര്യത ഒരു വ്യക്തിയുടെ അവകാശമാണ് എന്ന് തിരിച്ചറിയുന്ന ഒരു തലമുറ.. പക്ഷെ നല്ലൊരു പങ്കു പേരും ഇപ്പോഴും സ്വകാര്യത താന്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്ന ഔദാര്യം ആണെന്ന് വിശ്വസിക്കുന്നവരാണ്.. കുറെ കാലം ആയുള്ള ശീലം പെട്ടെന്നൊന്നും മാറില്ല ... ചുറ്റിനുമുള്ള 'സംശയാസ്പദം ആയ സാഹചര്യങ്ങള്‍' അന്വേഷിച്ചു ജീവിക്കുന്നതില്‍ എന്തോ ഒരു സുഖം കണ്ടെത്തുന്ന കുറെ പേരുണ്ട് .. ഒരു രണ്ടു വട്ടം കൂടെ നീലക്കുറിഞ്ഞി പൂക്കണം അതൊക്കെ ഒന്ന് കുറയുകയെങ്കിലും ചെയ്യാന്‍..

 ഇതൊക്കെ എഴുതുന്നത്‌ സ്വന്തം നാടിനെ കുറ്റം പറഞ്ഞു രസിക്കാനല്ല.. നമ്മുടെ നാടിന്റെതായ നന്മകള്‍ ഒത്തിരിയുണ്ട്.. പക്ഷെ ചില കാര്യങ്ങളില്‍ നാം ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടാണ്‌ ... മൂല്യങ്ങള്‍ വേണം, വേണ്ടെന്നല്ല - പക്ഷെ വ്യക്തി പരമായ മൂല്യങ്ങളും സാമൂഹ്യമായ മൂല്യങ്ങളും തമ്മിലുള്ള വ്യത്യാസം ചിലരെങ്കിലും മനസ്സിലാക്കേണ്ടതുണ്ട് .. വിവാഹ പൂര്‍വ രതി എന്റെ മൂല്യങ്ങള്‍ക്ക് എതിരായേക്കാം , പക്ഷെ മറ്റൊരാള്‍ക്ക് അത് പാടില്ല എന്ന് പറയാനുള്ള അവകാശം എനിക്കില്ല . ഞാന്‍ വരച്ച വരയിലൂടെ , എന്റെ മതം എന്നെ പഠിപ്പിച്ച വരയിലൂടെ എല്ലാവരും നടക്കണം എന്ന് വാശി പിടിക്കരുത്.. സംസ്കാരം അടിച്ചു എല്പ്പിക്കേണ്ട ഒന്നല്ല .. അത് കാലത്തിനു അനുസൃതമായി പരിണമിക്കുന്നത് ആണ്. ഒരു നൂറ്റമ്പത് കൊല്ലം മുന്‍പ് മാറ് മറക്കല്‍ സമരം നടന്നത് നമ്മുടെ നാട്ടിലാണ് .. അന്ന് അതായിരുന്നു നമ്മുടെ സംസ്കാരം. കാലത്തിനു അനുസരിച്ച് മനുഷ്യര്‍ മാറും, അപ്പോള്‍ സംസ്കാരവും.. അത് സമ്മതിക്കില്ല , ഇപ്പോഴുള്ളത് മാത്രമാണ് പത്തരമാറ്റ് സംസ്കാരം എന്നൊക്കെ വാശി പിടിക്കരുത്, പ്ളീസ്‌ ..
This was written in 2012 May- I guess this is a good time to share it again now. (I am not interested in any sort of debate if you cannot understand what is meant by civil liberties- so please don't bother to comment.  And to others, stay strong and keep going. Thank you all for visiting!)